കണ്ണൂർ: കണ്ണൂർ-നടാൽ-തലശേരി റൂട്ടിൽ സ്വകാര്യ ബസ് സമരം അനിശ്ചിതകാലമായി തുടരുന്നത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. പൊതുഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന വിദ്യാർഥികൾ, തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവരെയാണ് പ്രധാനമായും ഈ റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് ദുരിതത്തിലാക്കുന്നത്.
കണ്ണൂർ എസ്എൻ കോളജ്, തോട്ടട ഗവ. പോളിടെക്നിക് കോളജ്, ഗവ. ജനറൽ ഐടിഐ, വനിത ഐടിഐ, ഗവ. ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഡ്രൈവിംഗ് ടെസ്റ്റിനടക്കം എത്തേണ്ടവർ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. ബസ് സർവീസ് നിലച്ചതോടെ വിദ്യാലയങ്ങളിലെ ഹാജർ നിലയടക്കം കുറഞ്ഞെന്ന് അധികൃതർ പറഞ്ഞു. തോട്ടട ഭാഗത്ത് കാർ ഷോറൂമുകളും നിരവധി സ്വകാര്യ ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. ഏതു വിധേനയും ജോലിസ്ഥലത്ത് എത്താൻ ഓട്ടോറിക്ഷയുൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങളെയാണ് ബസ് ചാർജിനെക്കാൾ മൂന്നരട്ടി യാത്രാക്കൂലി നല്കി ഇവർ ആശ്രയിക്കുന്നത്.
ഇതിനിടെ ഒകെ യുപി സ്കൂൾ അടിപാത വിഷയത്തിൽ ദേശീയപാത അഥോറിറ്റി അനുകൂല തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ച് ബസ് സമരം ശക്തമാക്കാൻ കണ്ണൂർ-തലശേരി റൂട്ടിലെ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ അഞ്ചു മുതലാണ് പണിമുടക്ക് തുടങ്ങിയത്